തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ജയിലിലായ രാഹുൽ ഈശ്വറിന്റെ റിമാൻഡ് റിപ്പോർട്ടിലെയും കോടതി ഉത്തരവിന്റെയും വിശദാംശങ്ങൾ പുറത്ത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തി.
രാഹുൽ തയാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്നതരത്തിലാണെന്നും പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സമാന രീതിയിലുള്ള മറ്റ് കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ടെന്നും പോലീസ് കോടതിയിൽ ചൂണ്ടികാട്ടി.
അന്വേഷണ വേളയിൽ അതിജീവിതകൾക്കെതിരെ ഇത്തരം പോസ്റ്റ് ഇട്ടതിനെ നിസാരമായി കാണാൻ കഴിയില്ല. ജാമ്യത്തിൽ വിട്ടാൽ സമാന കുറ്റകൃത്യം ചെയ്യാൻ ഇടയുണ്ട്. തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ട്. ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഇശ്വറിന് ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
അതിജീവിതയെ അപമാനിച്ചതായി പോലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് മജിസ്ട്രേറ്റ് വിധി പ്രസ്താവിച്ചത്.